Mon. Dec 23rd, 2024

ന്യൂഡെല്‍ഹി:

ചൈനീസ്‌ ബന്ധമുള്ള കമ്പനി കൂടി ഉള്‍പ്പെട്ടതിനെ തുടര്‍ന്ന്‌ സെമി 44 ഹൈ സ്‌പീഡ്‌ ട്രെയിനുകള്‍ നിര്‍മിക്കുന്നതിനുള്ള ടെണ്ടര്‍ റദ്ദാക്കി. ഇന്നലെ രാത്രിയാണ്‌ തിടുക്കത്തില്‍ ടെണ്ടര്‍ നടപടികള്‍ റദ്ദാക്കിയത്‌. ഒരാഴ്‌ച്ചക്കകം മെയ്‌ക്ക്‌ ഇന്‍ ഇന്‌ഡ്യക്ക്‌ മുന്‍ഗണന നല്‍കുന്ന പുതിയ ടെന്‍ഡര്‍ വിളിക്കുമെന്ന്‌ റെയില്‍വെ മന്ത്രാലയം അറിയിച്ചു.

44 സെമി ഹൈ സ്‌പീഡ്‌ ട്രെയിനുകള്‍ നിര്‍മിക്കുന്നതിന്‌ ആറ്‌ കമ്പനികളാണ്‌ ടെണ്ടര്‍ സമര്‍പ്പിച്ചത്‌. ഇതില്‍ ചൈനീസ്‌ ബന്ധമുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്ട്രിക്‌‌ കമ്പനി ഉള്‍പ്പെട്ടത്‌ കണ്ടെത്തിയതോടെയാണ്‌ ടെണ്ടര്‍ നടപടികള്‍ മൊത്തത്തില്‍ റദ്ദാക്കാന്‍ തീരുമാനിച്ചത്‌. ചൈനയിലെ സിആര്‍ആര്‍സി യോങ്‌‌ജിയും ഗുരുഗ്രാം ആസ്ഥാനമായ ഫില്‍- മെഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡും ചേര്‍ന്ന സംയുക്ത സംരംഭമാണ്‌ ടെണ്ടര്‍ നല്‍കിയിരുന്നത്‌. 2015ലാണ്‌ കമ്പനി രൂപീകരിച്ചത്‌.

ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌, ഭാരത്‌ ഇന്‍ഡസ്‌ട്രീസ്‌ സന്‍ഗ്രൂര്‍, ഇലക്ട്രോവേവ്‌സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്, പവര്‍നെറ്റിക്‌സ്‌ എക്യുപ്‌മെന്റ്‌ ഇന്ത്യ, മേധ സെര്‍വോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ്, എ‌ന്നിവയാണ്‌ ടെണ്ടര്‍ നല്‍കിയിരുന്ന മറ്റു കമ്പനികള്‍. ജൂലൈ 10നാണ്‌ ചെന്നൈയിലെ ഇന്റഗ്രേറ്റഡ്‌ കോച്ച്‌ ഫാക്ടറി ടെണ്ടര്‍ വിളിച്ചത്‌.
അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ചൈനക്കെതിരായ സാമ്പത്തിക- വ്യാപാര മേഖലയിലെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ നീക്കം. ചൈനയുമായി ബന്ധമുള്ള കമ്പനിയെ ഒഴിവാക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്സ് ആവശ്യപ്പെട്ടിരുന്നു.