തിരുവനന്തപുരം:
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കെെമാറുന്നതിനെതിരെ സര്‍ക്കാര്‍ ഹെെക്കോടതിയെ സമീപിച്ചു. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കാതെ സ്വകാര്യ കമ്പനിക്ക് വിമാനത്താവളം കൈമാറിയത് ചോദ്യം ചെയ്യാനാണ് സർക്കാർ തീരുമാനം. അതേസമയം, തിങ്കളാഴ്ച ചേരുന്ന നിയമസഭ സമ്മേളനത്തിൽ കേന്ദ്ര തീരുമാനത്തിനെതിരെ പ്രമേയം കൊണ്ടുവരും. നിയമനടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി വിഷയത്തില്‍ മുന്നോട്ടുപോകാനാണ് ഭരണ-പ്രതിപക്ഷ നിലപാട്.
അതേസമയം തിരുവനന്തപുരം വിമാനത്താവളം കെെമാറാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് ലക്ഷം ഇമെയിലുകള്‍ അയക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. വിമാനത്താവള വിഷയം ജനകീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശശി തരൂര്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.