Thu. Jan 23rd, 2025

 

മൂന്നാർ:

ഇടുക്കിയിലെ രാജമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തം നടന്ന പെട്ടിമുടിയിൽ നേരിട്ടെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് താത്കാലിക ധനസഹായം, പരിക്കേറ്റവർക്കുള്ള സൗജന്യ ചികത്സ തുടങ്ങിയവ ഇതിനോടകം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവർക്കും കുടുംബത്തിനും അർഹമായ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റിൽ ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും. പുന:രധിവാസം, മരണപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലും ഉചിതമായ തീരുമാനമെടുക്കും. വനംവകുപ്പിലെ ആറ് താത്കാലിക വാച്ചർമാരും ദുരന്തത്തിൽ ഇരയായിട്ടുണ്ട് ഇവരിൽ രണ്ടുപേരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയർഫോഴ്‌സ്, പോലീസ് തുടങ്ങിയ വിവിധ സർക്കാർ ഏജൻസികൾ ഊർജിതമായി രംഗത്തുണ്ട്. വനപാലകരും വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ദ്യുതകർമ്മസേനയും രക്ഷാപ്രവർത്തനത്തിൽ ആദ്യം മുതൽ സജീവമാണ്.

പെട്ടിമുടി ആറിൻ്റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റർ വിസ്തൃതിയിൽ കാണാതായവർക്കായി വനപാലക സംഘം പ്രത്യേക തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്. ഈ ഭാഗത്തു നിന്നാണ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാർ വന്യജീവി വിഭാഗം, മൂന്നാർ ടെറിട്ടോറിയൽ വിഭാഗം, മാങ്കുളം ഡിവിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നുവരുന്നത്. പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കണം വികസന പ്രവർത്തന ങ്ങൾ ആസൂത്രണം ചെയ്യേണ്ടതെന്നും അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിൽനിന്ന് മനുഷ്യൻപാഠങ്ങൾ ഉൾക്കൊള്ളണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.