കോഴിക്കോട്:
കോഴിക്കോട് ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താൽ 3000നും 4000നും ഇടയിൽ കൊവിഡ് കേസുകൾ ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. സാധ്യതകൾ കണക്കിലെടുത്ത് ആവശ്യമായ മുഴുവൻ സൗകര്യങ്ങളും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 600 ഓക്സിജൻ സിലിണ്ടറുകളും 200 വെൻറിലേറ്ററുകളും ആവശ്യം വന്നേക്കാമെന്നും ക്വാറന്റീനിൽ ഉള്ളവരെ നിരീക്ഷിക്കാൻ 118 സ്ക്വാഡുകളെ രംഗത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ബീച്ച് ആശുപത്രി രണ്ടുദിവസത്തിനുള്ളിൽ കൊവിഡിനായുള്ള ആശുപത്രിയാക്കി മാറ്റും. ചികിൽസയ്ക്കു സജ്ജമാകാൻ സ്വകാര്യ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പുതിയ എട്ട് കണ്ടെയിൻമെന്റ് സോണുകളും പ്രഖ്യാപിച്ചു. അതേസമയം വടകര എംപി കെ മുരളീധരന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. ചെക്യാട് പഞ്ചായത്തിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത എംപി ക്വാറന്റീനിൽ ആയിരുന്നു. എന്നാൽ തന്നെ രാഷ്ട്രീയക്വാറന്‍റീനിലാക്കി ഒതുക്കാനാണ് എൽഡിഎഫ് നോക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.