തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് പങ്കില്ലെന്ന് സ്വാപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണക്കടത്തിലെ മുഖ്യ ആസൂത്രകർ റമീസും സന്ദീപുമാമാണെന്നും കോൺസുൽ ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണ് സ്വർണ്ണം കടത്തിയതെന്നും വ്യക്തമാക്കി. ഓരോ തവണ സ്വർണ്ണം കടത്തുമ്പോഴും കോൺസുൽ ജനറലിനും അറ്റാഷെയ്ക്കും 1,500 ഡോളർ പ്രതിഫലം നൽകിയതായും പറഞ്ഞു. നയതന്ത്രബാഗിൽ ആർക്കും സംശയം തോന്നാത്ത വിധം സുരക്ഷിതമായി സ്വർണം കടത്താമെന്ന പദ്ധതി കെ ടി റമീസ് രൂപീകരിക്കുകയായിരുന്നുവെന്നും സ്വപ്ന കസ്റ്റംസിന് മൊഴി നൽകി.
രണ്ട് ബാങ്ക് ലോക്കറുകളിൽ നിന്നായി കണ്ടെടുത്ത ഒരു കോടി രൂപയും സ്വർണ്ണവും തനിക്ക് വിവാഹസമ്മാനം ലഭിച്ചതാണെന്ന് സ്വപ്ന ആവർത്തിച്ചു. ആദ്യത്തെ വിവാഹം കഴിഞ്ഞപ്പോൾ അഞ്ച് കിലോ സ്വർണമുണ്ടായിരുന്നെന്നും വീടുപണിക്കായി കുറച്ച് വിറ്റെന്നും പറഞ്ഞു. എന്നാൽ, കള്ളക്കടത്തിനൊപ്പം നിരവധി വൻകിട റിയൽ എസ്റ്റേറ്റ് – ബിസിനസ് സംരംഭങ്ങളിലും സ്വപ്ന ഇടനിലക്കാരിയായിട്ടുണ്ടെന്ന തരത്തിൽ വ്യക്തമാക്കുന്ന രേഖകൾ കസ്റ്റംസിന് ലഭിച്ചു.