തിരുവനന്തപുരം:
പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഈ സംഭവം അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണെന്നും, ഇത്തരമൊരു സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളുടെ പരാതി കണക്കിലെടുത്ത് നിലവില്‍ 11 മണി വരെ തുറന്നിരുന്ന കടകള്‍ വൈകീട്ട് അഞ്ച് മണി വരെ തുറക്കാന്‍ അനുവദിക്കും. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സപ്ലൈക്കോയുടേയും കണ്‍സ്യൂമര്‍ഫെഡിന്റേയും മൊബൈല്‍ യൂണിറ്റുകള്‍ പൂന്തുറയില്‍ എത്തും.
മത്സ്യത്തൊഴിലാളികള്‍ക്ക് അതത് പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കും. അതിന് ശേഷം അവരവരുടെ സ്ഥലത്ത് തന്നെ മത്സ്യവില്‍പ്പന നടത്താം. കൂടുതല്‍ ലഭിക്കുന്ന മത്സ്യങ്ങള്‍ മത്സ്യഫെഡിന് നല്‍കാം. എന്നാല്‍, കന്യാകുമാരിയിലേക്കും തിരിച്ചും കടലില്‍ കൂടിയുള്ള യാത്ര അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.