തിരുവനന്തപുരം:
തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴി ആറ് മാസത്തിനകം കേരളത്തിലേക്ക് വന്നത് എട്ട് നയതന്ത്രബാഗുകളെന്ന് കസ്റ്റംസ്. നയതന്ത്രബാഗുകൾ ഏറ്റുവാങ്ങാൻ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം ലംഘിച്ച് സരിത്ത് സ്വന്തം കാറിലാണ് വന്നുകൊണ്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പേരൂർക്കട ഭാഗത്ത് എവിടെയോ വെച്ച് സ്വർണ്ണം കൈമാറിയ ശേഷം കോൺസുലേറ്റിലേക്ക് ബാഗുമായി പോകുകയാണ് സരിത്ത് ചെയ്യുന്നത് എന്ന നിഗമനത്തെ തുടർന്ന് സിസിടിവി ക്യാമറകൾ തേടുകയാണ് നിലവിൽ കസ്റ്റംസ്.
എന്നാൽ കേരളത്തിലേക്ക് സ്വർണ്ണം അയച്ചത് കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജുകളിൽ അല്ലെന്ന് യുഎഇ. കോൺസുലേറ്റിലെ ഒരു ഉദ്യോഗസ്ഥന് വ്യക്തിപരമായി എത്തിയ കാര്‍ഗോയെ ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് യുഎഇ കേന്ദ്രത്തെ അറിയിച്ചതായാണ് സൂചന. യുഎഇ ഭരണ സംവിധാനം ഔദ്യോഗികമായി അയച്ച കാര്‍ഗോ അല്ലാത്തതിനാല്‍ അതിനു ഡിപ്ലോമാറ്റിക് ഇമ്മ്യുണിറ്റി ഇല്ല എന്നാണ് യുഎഇയുടെ വിലയിരുത്തല്‍.