തിരുവനന്തപുരം:
തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ് ശബ്ദരേഖയിലൂടെ അറിയിച്ചു. കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് താൻ ചെയ്തതെന്നും വ്യക്തമാക്കി. തന്‍റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുമാണ് മാധ്യമങ്ങളും പോലീസും അന്വേഷിക്കേണ്ടതെന്നും സ്വപ്ന പറഞ്ഞു.
അതേസമയം കേസിൽ പി ആർ സരിത്തിനെ ഏഴ് ദിവസത്തേക്ക് കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് സരിത്തിനെ കസ്റ്റഡിയിൽ വിട്ടത്. ഇതിന് പിന്നാലെ സരിത്ത് കോടതിയിൽ ജാമ്യാപേക്ഷയും സമർപ്പിച്ചു. ഈ അപേക്ഷ ജൂലൈ 13ന് കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.