Mon. Dec 23rd, 2024
തൃശ്ശൂർ:

 
പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍)അന്തരിച്ചു. 49 വയസ്സായിരുന്നു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇടുപ്പുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ ആയതിനെത്തുടർന്നാണ് അദ്ദേഹത്തെ ജൂബിലി മിഷൻ ആശുപത്രിയിലേക്കു മാറ്റിയത്.

കൊടുങ്ങല്ലൂരിലാണ് ജനനം. മാല്യങ്കരയിലെ എസ്എൻ‌എം കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബിയും പൂർത്തിയാക്കിയ സച്ചി, കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എട്ടു വർഷം പ്രാക്റ്റീസ് ചെയ്തിരുന്നു.

അടുത്തിടെ വലിയ ജനപ്രീതിയും ബോക്സോഫീസ് വിജയവും നേടിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് സച്ചിയാണ്. അനാർക്കലി എന്ന സിനിമയാണ് ആദ്യമായി സംവിധാനം ചെയ്തത്. ചോക്ലേറ്റ്, റോബിൻ‌ഹുഡ്, മേക്കപ്പ്മാൻ, സീനിയേഴ്സ്, ഡബിൾസ് എന്നീ ചിത്രങ്ങൾക്ക് സേതുവിനൊപ്പം തിരക്കഥ എഴുതി. റൺ ബേബി റൺ, ചേട്ടായീസ്, അനാർക്കലി, രാമലീല, ഷെർലക് ടോംസ്, ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.