ഡൽഹി:
ഇന്ത്യൻ പ്രദേശങ്ങളെ കൂടി ഭൂപടത്തിൽ ഉൾപ്പെടുത്തിയ നേപ്പാൾ പാർലമെന്റിന്റെ തീരുമാനം ഗൗരവത്തോടെ കാണുന്നുവെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ. കൃത്രിമമായി സൃഷ്ടിച്ചതാണ് ഈ അവകാശവാദങ്ങളെന്നും, ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ പിൻബലമില്ലാതെയാണ് ഭൂപടം തിരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അതിർത്തിയിലെ കാലാപാനി, ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളാണ് പുതുതായി നേപ്പാൾ അതിർത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അതിർത്തി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന നിലവിലെ തീരുമാനത്തിന് എതിരായാണ് നേപ്പാളിന്റെ നിലപാടെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.