Mon. Dec 23rd, 2024

കോട്ടയം:

കോട്ടയം മീനച്ചിലാറ്റില്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അംഗം ഇ എം രാധയുടെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയര്‍ന്നതോടെയാണ് വനിത കമ്മിഷന്‍റെ ഇടപെടല്‍. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും ഇഎം രാധ അറിയിച്ചു.

എംജി സര്‍വകലാശാല വദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ബിഎംവി ഹോളിക്രോസ് കോളേജില്‍നിന്ന് വിശദീകരണവും തേടി. അതേസമയം,  മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബിവിഎം കോളേജിലേക്ക് മാര്‍ച്ച് നടത്തി.

കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ്  പാരലല്‍ കോളേജിലെ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന അഞ്ജു പി ഷാജിയെ ഇന്ന് രാവിലെയോടെയാണ് ബിവിഎം ഹോളിക്രോസ് കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളേജ് അധികൃതര്‍ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്‌തതായാണ് ആരോപണം.

By Binsha Das

Digital Journalist at Woke Malayalam