Sat. Apr 5th, 2025

ഇടുക്കി:

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് പിജെ ജോസഫിന്റെ അന്ത്യശാസനം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഇന്ന് തന്നെ ഒഴിയണമെന്നാണ് ജോസ് കെ മാണിയോട് അദ്ദേഹം കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തിന് മുമ്പ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പിജെ ജോസഫ് അറിയിച്ചു. ഇത് ഭീഷണിയല്ല. അവര്‍ക്ക് നല്‍കിയ സമയമാണെന്നും പുതിയ പ്രസിഡന്‍റിനെ യുഡിഎഫ് ചേര്‍ന്ന് തിരഞ്ഞെടുക്കുമെന്നും ജോസഫ് വ്യക്തമാക്കി.

ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് വിട്ട് നൽകണമെന്ന് കോൺഗ്രസ് ഇന്നലെ ജോസ് വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. അവസാന ആറ് മാസം ജോസഫ് വിഭാഗത്തിന് പ്രസിഡന്‍റ് സ്ഥാനം നൽകണമെന്നായിരുന്നു ധാരണ. ഈ ധാരണ പാലിക്കണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം നിലപാട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍, പ്രസിഡന്‍റ് സ്ഥാനം വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസ് കെ മാണി. ആറ് മാസം സ്ഥാനം വിട്ടുനല്‍കണമെന്ന് ധാരണയില്ലെന്നും ജോസ് വിഭാഗം ആവര്‍ത്തിക്കുന്നു. കോട്ടയം പോലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല വേരോട്ടമുള്ളയിടത്ത്  പിജെ ജോസഫിന് പ്രസിഡന്‍റ് സ്ഥാനം വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് എന്തിന് വ്യഗ്രത കാട്ടുന്നുവെന്നാണ് ജോസ് വിഭാഗത്തിന്‍റെ ചോദ്യം.

By Binsha Das

Digital Journalist at Woke Malayalam