ന്യൂഡല്‍ഹി:
ഡല്‍ഹി അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്നും, പാസ്സുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അതിര്‍ത്തി അടച്ചിട്ടില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതിര്‍ത്തികള്‍ തുറക്കണോ എന്ന കാര്യത്തില്‍ കെജ്‌രിവാള്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായവും തേടിയിട്ടുണ്ട്.
അതേസമയം, രാജ്യതലസ്ഥാനത്ത് കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബാര്‍ബര്‍ ഷോപ്പടക്കം എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് രാജ്യം അണ്‍ലോക്ക്1-ലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. 20,000ത്തിന് മുകളില്‍ രോഗികളുണ്ട് ഇവിടെ മാത്രം. കൂടുതല്‍ ഇളുവകള്‍ നല്‍കുന്നത് രോഗവ്യാപന തോത് ഇനിയും വര്‍ധിക്കാന്‍ കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.