Sun. Dec 22nd, 2024

ജ്യോതിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പൊൻമകൾ വന്താൽ’ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാൻ മണിക്കൂറുകൾ ശേഷിക്കെ ഓൺലൈനിൽ ചോർന്നു. സിനിമകളുടെ വ്യാജപതിപ്പിറക്കുന്ന തമിഴ്റോക്കേഴ്സ് വെബ്സൈറ്റിലാണ് ഈ ചിത്രവും എത്തിയത്. സിനിമയുടെ എച്ച്ഡി പതിപ്പ് തന്നെ പുറത്തായതാണ് കൂടുതൽ ആശങ്ക.

ഇന്ന് അർധരാത്രി പന്ത്രണ്ട് മണിക്കാണ് ചിത്രം ഓടിടി റിലീസ് ചെയ്യാനായി ഇരുന്നത്. എന്നാൽ, ആദ്യ തീരുമാനം മാറ്റി ചിത്രം ഇന്ന് വെളുപ്പിന് റിലീസ് ചെയ്യാമെന്ന തീരുമാനത്തിലേക്ക് മാറ്റിയത് പിന്നാലെയാണ് രാത്രി 12 ന് തന്നെ തമിഴ്റോക്കേഴ്സിൽ എത്തിയത്.

ഇതാദ്യമായാണ് ഒരു തമിഴ് മുഖ്യധാരാ ചിത്രം ഓടിടി റിലീസിന് തുടക്കമിട്ടത്. ജ്യോതികയുടെയും സൂര്യയുടെയും ഉടമസ്ഥതയിലുള്ള 2D എന്‍റർടെയ്ൻമെന്‍റ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സിനിമ ഓടിടി വഴി റിലീസ് ചെയ്യുന്നതിനെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും തീയറ്റർ ഉടമകളുടെ സംഘടന നടത്തിയിരുന്നു. ‘പൊൻമകൾ വന്താൽ’ ഓ ടി ടി റിലീസ് ചെയ്താൽ സൂര്യയുടെ വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘സൂരരൈ പോട്ര്’ന് തീയറ്ററുകൾ നൽകില്ലെന്നായിരുന്നു ഭീഷണി. പിന്നീട് സമവായ ചർച്ചകളിലൂടെയാണ് പ്രശ്നം പരിഹരിച്ചത്.

By Arya MR