Mon. Dec 23rd, 2024
ഷൊര്‍ണ്ണൂർ:

 
വിശ്വസിച്ചാല്‍ സംരക്ഷിക്കുകയും ചതിച്ചാല്‍ ദ്രോഹിക്കുകയും ചെയ്യുന്നതാണ് പാര്‍ട്ടിയുടെ നയമെന്ന് സിപിഎം പാലക്കാട് ജില്ലാക്കമ്മിറ്റി അംഗവും ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശി. പാലക്കാട് കരിമ്പുഴയില്‍ ലീഗില്‍നിന്ന് രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവരെ സ്വീകരിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ വിവാദ പരാമര്‍ശം.

‘പാര്‍ട്ടിക്കൊപ്പം നിന്നാല്‍ പൂര്‍ണ സഹായവും സുരക്ഷിതത്വവും നല്‍കും. എന്നാല്‍ പാര്‍ട്ടിയെ ചതിച്ചുപോയാല്‍ ദ്രോഹിക്കും. അത് പാര്‍ട്ടിയുടെ ഒരു നയമാണ്. പ്രത്യേകിച്ച് ഞങ്ങളൊക്കെ ആ നിലപാടാണ് സ്വീകരിക്കുന്നത്’ എന്നായിരുന്നു പി കെ ശശി എംഎല്‍എ പറഞ്ഞത്.

അന്‍പതോളം പേരാണ് മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ച് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ ചേര്‍ന്നത്. അതേസമയം, നിരോധനാജ്ഞ നിലനിൽക്കെ ഇരുപതിലധികം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയതിൽ എംഎല്‍എയ്ക്കെതിരെ പ്രതിഷേധം കനക്കുകയാണ്.

By Binsha Das

Digital Journalist at Woke Malayalam