Mon. Dec 23rd, 2024
ഡൽഹി:

ഡൽഹിയിലെ പല മേഖലകളിലും കനത്ത ചൂട്. സഫ്ദർജംഗിൽ താപനില 46 ഡിഗ്രി സെല്‍ഷ്യസും പാലം ഏരിയയിൽ 47.6 സെല്‍ഷ്യസും രേഖപ്പെടുത്തി. സഫ്ദർജംഗിൽ 18 വർഷത്തിനു ശേഷവും പാലം ഏരിയയിൽ 10 വർഷത്തിനും ശേഷമാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം തുടരുകയാണ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചത്തിനെ തുടർന്ന് കനത്ത ജാഗ്രതയിലാണ് സംസ്ഥാനങ്ങൾ.

നിലവിൽ 46 ഡിഗ്രിയാണ് ഡൽഹിയിലെ ചൂട്. ഇതിനിടെയാണ് സഫ്ദർജംഗിൽ താപനില 46 ഡിഗ്രിയും പാലം ഏരിയയിൽ 47.6 ഉം രേഖപ്പെടുത്തിയത്. 1968 മെയ് മാസത്തിന് ശേഷം ആദ്യമായാണ് ഇത്രയും ഉയർന്ന താപനില മെയ് അവസാനത്തിൽ രേഖപ്പെടുത്തുന്നത്. പാലം ഏരിയയിൽ 2010 ന് ശേഷവും.

അടുത്ത 2 ദിവസം പഞ്ചാബ്, ഛത്തീസ്‍ഗഢ്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന, ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അത്യുഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ റെഡ് അലേർട്ട് തുടരുകയാണ്.

ഉച്ചക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാറുകൾ നിർദേശിച്ചിട്ടുണ്ട്. പലയിടത്തും പൊടിക്കാറ്റും, കുടിവെള്ള ക്ഷാമവും രൂക്ഷമായി തുടങ്ങി. കഴിഞ്ഞ വർഷം 50 ഡിഗ്രി രേഖപ്പെടുത്തിയ ഉഷ്ണ തരംഗത്തിൽ രാജ്യത്ത് പത്ത് പേർ മരിച്ചിരുന്നു.

മഹാരാഷ്ട്രയിലെ വിദർഭയിൽ 47.6 ഉം രാജസ്ഥാനിലെ ചുരുവിൽ 47.5 ഡിഗ്രിയും രേഖപ്പെടുത്തി. മെയ് 28 മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.