ഘോരക്പുർ:
ഉത്തര്‍പ്രദേശിലെ ഗൊരക്പൂരില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തത് പ്രദേശവാസികളില്‍ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. ഗൊരക്പൂരിലെ ബേല്‍ഘട്ടില്‍ ചൊവ്വാഴ്ച ഒരു മണിക്കൂറിനിടെ 52 വവ്വാലുകളാണ് ചത്തുവീണത്.
വവ്വാലുകള്‍ ചത്തത് കൊറോണ വൈറസ് മൂലമാണോ എന്ന ഭീതിയിലായിരുന്നു നാട്ടുകാര്‍. എന്നാല്‍ കടുത്ത ചൂടിനെത്തുടര്‍ന്നാണ് വവ്വാലുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനക്കായി വവ്വാലുകളുടെ ജഡം ബറേലിയിലുള്ള ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലത്തില്‍ യഥാര്‍ഥ കാരണം അറിയാമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
”ഇന്ന് രാവിലെ എന്റെ പൂന്തോട്ടത്തിലെ മാവിന്‍ ചോട്ടില്‍ നിരവധി വവ്വാലുകൾ ചത്തു കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. . നിരവധി വവ്വാലുകള്‍ ചത്തുകിടക്കുന്നതായും ചിലത് ചത്തുവീഴുന്നതും കണ്ടുവെന്ന് ബേല്‍ഘട്ട് സ്വദേശിയായ പങ്കജ് സാഹി പറഞ്ഞു. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. അവര്‍ വവ്വാലുകള്‍ക്ക് വെള്ളം നല്‍കാന്‍ ആവശ്യപ്പെട്ടു” സാഹി കൂട്ടിച്ചേര്‍ത്തു. കോവിഡിനൊപ്പം കടുത്ത ചൂടും ഉത്തരേന്ത്യയെ വലക്കുകയാണ്. പലയിടത്തും 45 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി.