Sun. Dec 22nd, 2024
കൊച്ചി:

കാലടി മണപ്പുറത്ത് ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ ‘മിന്നൽ മുരളി’യുടെ സെറ്റ് തകർത്ത കേസിലെ ഒന്നാം പ്രതി കാരി രതീഷിനെയും രണ്ടാം പ്രതി രാഹുലിനെയും ഇന്ന് രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്തിരിക്കുന്നതിനാൽ ജാമ്യം കിട്ടാൻ സാധ്യത കുറവാണെന്ന് പോലീസ് വ്യക്തമാക്കി.

സമൂഹത്തിൽ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമം നടത്തുക, പകൽ സമയത്ത് മോഷണം നടത്തുക, തുടങ്ങി ജാമ്യം കിട്ടാ വകുപ്പുകൾക്കൊപ്പം തടവുശിക്ഷ കിട്ടാവുന്ന രീതിയിൽ അതിക്രമിച്ചു കയറുക, സ്വത്ത് വകകൾക്ക് നാശനഷ്ടം വരുത്തുക എന്നീ വകുപ്പുകളും ചേർത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ ആക്രമണത്തിൽ പങ്കാളികളായ മൂന്ന് പേരെക്കൂടി ഇനി പിടികൂടാനുണ്ടെന്നും ഇവരെല്ലാവരും തീവ്രഹിന്ദു സംഘടനകളായ അഖിലഹിന്ദു പരിഷത്തിന്‍റെയും ബജ്‍രംഗദളിന്‍റെയും പ്രവർത്തകരാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. എഎസ്പി എം ജെ സോജന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.

 

By Athira Sreekumar

Digital Journalist at Woke Malayalam