Fri. Apr 26th, 2024

മുംബെെ:

കൊവിഡ് പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡോക്‌ടര്‍മാരെയും 100 നഴ്‌സുമാരെയും  അടങ്ങുന്ന സംഘത്തെ നല്‍കണമെന്നാവശ്യവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചു. ഡയറക്‌ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചാണ് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് എഴുതിയിരിക്കുന്നത്.

മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ മന്ത്രി കെ കെ ശൈലജയുമായി നേരത്തേ ആശയവിനിമയം നടത്തിയിരുന്നു. ആവശ്യമെങ്കില്‍ വിദഗ്‌ധ ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും ലഭ്യമാക്കാമെന്ന് കെ കെ ശൈലജ സ്വമേധയാ സന്നദ്ധത അറിയിക്കുകയും ചെയ്‌തു. ഇതേതുടര്‍ന്നുള്ള ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായാണ് മഹാരാഷ്ട്ര ഇതുസംബന്ധിച്ച് കത്ത് അയച്ചിരിക്കുന്നത്.

താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന എംബിബിഎസ് ഡോക്‌ടര്‍മാര്‍ക്ക് 80,000 രൂപയായിരിക്കും ശമ്പളം നല്‍കുക. എംഡി/എംഎസ് സ്‌പെഷ്യലിസ്റ്റ് ഡോക്‌ട‌ര്‍മാര്‍ക്ക് ആനുകൂല്യങ്ങളടക്കം 2 ലക്ഷവുമാണ് മഹാരാഷ്ട്ര നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. നഴ്‌സുമാര്‍ക്ക് 30,000 രൂപയും ലഭ്യമാക്കുമെന്നും കത്തില്‍ പറയുന്നു. ഇവരുടെ താമസം, ഭക്ഷണം, മരുന്നുകള്‍, വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ശമ്പളത്തിന് പുറമെ ലഭ്യമാക്കുമെന്നും കേരളത്തെ അറിയിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam