ന്യൂഡല്‍ഹി:
കൊവിഡ് 19നെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് ഇസ്രയേലില്‍ രണ്ട് മാസത്തോളമായി കുടുങ്ങികിടക്കുന്ന ഗര്‍ഭിണികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 115 പേരടങ്ങുന്ന സംഘത്തെ ഇന്ന് ഇന്ത്യയിലെത്തിക്കും.
ഇവര്‍ക്കു പുറമേ ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്ത നേപ്പാള്‍ സ്വദേശിനി പ്രഭ ബാസ്‌കോട്ട, ഡല്‍ഹിയില്‍ ജോലിചെയ്യുന്ന അഞ്ച് ഇസ്രയേല്‍ നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെ 121 പേരാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇവരില്‍ 85 പേര്‍ കേരളത്തിലേക്കുള്ളവരാണ്. തൊഴിലുടമകള്‍ പിരിച്ചുവിട്ട ഗാര്‍ഹിക തൊഴിലാളികളാണ് യാത്രാസംഘത്തിലെ ഭൂരിഭാഗവും.
ഡല്‍ഹിയില്‍ നിന്ന് കണക്ഷന്‍ ഫ്‌ലൈറ്റ് വഴിയാണ് മലയാളികള്‍ കൊച്ചിയിലെത്തുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ തിരിച്ചെത്തുന്ന സംഘം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം.