കോഴിക്കോട്:
വയനാട് കൽപ്പറ്റ സ്വദേശിയായ ആമിന (53) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്. ക്യാൻസർ ബാധിതയായ ആമിന വിദേശത്ത് ചികിത്സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ഏറെക്കാലമായി ദുബായിലായിരുന്ന ആമിന അർബുദത്തിന് വിദഗ്ധ ചികിത്സയ്ക്കായാണ് ഈ മാസം ഇരുപത്തി ആറിന് നാട്ടിലെത്തുന്നത്.
ദുബായിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴിയാണ് കോഴിക്കോട് എത്തിയത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആമിനയ്ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംസ്കാര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തും.
അതേസമയം, കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 17 കാരനും മരണപ്പെട്ടു. ചെന്നൈയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. മസ്തിഷ്ക അണുബാധയാണ് മരണകാരണം. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടർന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. റിബിന്റെ ആദ്യ കൊവിഡ് പരിശോധനാ ഫലം നെഗറ്റിവായിരുന്നു. കൂടുതൽ വ്യക്തതയ്ക്കായി ഒരു തവണകൂടി സ്രവ പരിശോധ നടത്തും.