Fri. Nov 22nd, 2024
കൊച്ചി:

കൊവിഡ് വ്യാപനത്തെ തുടർന്ന് ജോർദാനിലെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ കുടുങ്ങിപ്പോയ പൃഥ്വിരാജും സംഘവും ഇന്ന് കേരളത്തിൽ മടങ്ങിയെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസിയും നടൻ പൃഥ്വിരാജും അടക്കമുള്ള 58 അം​ഗ സംഘം ഇനി സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം. ആരോ​ഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് നടൻ പൃഥ്വിരാജ് സ്വന്തം വാഹനത്തിലാണ് പോയത്.

ജോർദാനിലെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്ന് താൻ ഉൾപ്പടെയുള്ള ചലച്ചിത്രപ്രവർത്തകരുടെ സംഘം സുരക്ഷിതരായി മടങ്ങിയെത്തിയതിൽ ആശ്വാസമുണ്ടെന്നും ‘ആടുജീവിതം’ സിനിമയുടെ 60 ശതമാനം ചിത്രീകരണം അവസാനിച്ചതായും ചിത്രത്തിന്റെ സംവിധായകൻ ബ്ലെസി പ്രതികരിച്ചു. സിനിമയുടെ ഇനിയുള്ള ഷെഡ്യൂളുകൾ സഹാറ മരുഭൂമിയിലും, ജോർദാനിലും പൂർത്തിയാക്കേണ്ടതുണ്ടെന്നും സ്ഥിതി മെച്ചപ്പെട്ടാൽ ഇവിടങ്ങളിലെ ചിത്രീകരണത്തിനായി തയ്യാറെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്ക് ഡൗൺ മൂലം അടച്ചിടൽ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ ‘ആടുജീവിതം’ സിനിമയുടെ സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ടതോടെ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ സംഘം മടങ്ങിയെത്തിയിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam