വായന സമയം: < 1 minute
ഭോപ്പാല്‍:

മദ്ധ്യപ്രദേശിലെ 24 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതില്‍ 23 മണ്ഡലങ്ങളും നേരത്തെ കോണ്‍ഗ്രസിന്റെതായിരുന്നു. ഈ മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തിലും വിജയിക്കാന്‍ കഴിഞ്ഞാല്‍ അധികാരത്തിലേക്ക് തിരികെ വരാന്‍ കോണ്‍ഗ്രസിന് കഴിയും. ഈ ആലോചനയില്‍ നേരത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസും.

തിരഞ്ഞെടുപ്പ് വിജയത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള പ്രശാന്ത് കിഷോറിനെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറക്കാനാണ് തീരുമാനം.  2018ല്‍ സംസ്ഥാനത്ത് വിജയിച്ചപ്പോഴും കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് കിഷോര്‍ തന്നെയായിരുന്നു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 24 സീറ്റുകളിലും തന്ത്രങ്ങളൊരുക്കേണ്ട ചുമതല പ്രശാന്ത് കിഷോറിന് കോണ്‍ഗ്രസ് നല്‍കും. കോണ്‍ഗ്രസിന്റെ വാര്‍ റൂം പ്രവര്‍ത്തിക്കുക ഇത്തവണ ഭോപ്പാലിലല്ല, ഗ്വാളിയോറിലായിരിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളില്‍ 16 എണ്ണം ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലായതിനാലാണ് ഈ തീരുമാനം.

കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിനോടൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്ഥാനം രാജിവെച്ചതോടെയാണ് കോണ്‍ഗ്രസിന് മദ്ധ്യപ്രദേശിലെ ഭരണം നഷ്ടമായത്.

Advertisement