Sun. Dec 22nd, 2024
തിരുവനന്തപുരം:

ലോക്ക് ഡൗണിലെ കെഎസ്‌ആര്‍ടിസി സര്‍വീസ് നഷ്ടത്തില്‍. പൊതുഗതാഗതം ആരംഭിച്ച ആദ്യദിവസം മാത്രം കെഎസ്‌ആര്‍ടിസിക്ക് നഷ്ടം 60 ലക്ഷം രൂപയാണ്. ഇന്ധന ചെലവിനത്തില്‍ 19 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. ദിനംപ്രതി നഷ്ടം കൂടിവരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇക്കാര്യം ആവശ്യപ്പെട്ട് ഔദ്യോഗികമായി കേന്ദ്ര ഗതാഗതവകുപ്പിനെ സമീപിക്കാനും സംസ്ഥാന ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്ബളമടക്കം കിലോമീറ്ററിന് 45 രൂപ ചെലവായപ്പോള്‍ കിട്ടിയത് 16 രൂപ 78 പൈസ മാത്രം. 1319 ബസുകളാണ് ആദ്യദിനം സര്‍വീസ് നടത്തിയത്. 2,12,310 കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ വരുമാനം 35.32 ലക്ഷം രൂപ. വ്യാഴാഴ്ച കെഎസ്‌ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു.

1432 സര്‍വീസുകളാണ് ഇന്നലെ ആകെ നടത്തിയത്. 2,41,223 കിലോമീറ്ററുകള്‍ ആകെ ബസ് ഓടി. വ്യാഴാഴ്ചത്തെ ആകെ നഷ്ടം ഏകദേശം 51 ലക്ഷത്തിന് മുകളിലാണ്. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കനത്ത നഷ്ടമുണ്ടായെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കേണ്ടന്നാണ് കോര്‍പ്പറേഷന്റെ തീരുമാനം. പൊതുഗതാഗതം പുനരാരംഭിച്ച ശേഷം സര്‍വീസ് ആരംഭിച്ച രാജ്യത്തെ ഭൂരിഭാഗം എല്ലാ സംസ്ഥാന സര്‍വീസുകളും പ്രതിസന്ധിയിലാണ്.