തിരുവനന്തപുരം:
ജാഗ്രതക്കുറവുണ്ടായാല്‍ സംസ്ഥാനത്ത് കോവിഡ‍്19ന്‍റെ സമൂഹവ്യാപനമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ആശങ്കയുണ്ടെങ്കിലും രോഗത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെകെ ശൈലജ പറഞ്ഞു. രണ്ടാംഘട്ടത്തെക്കാള്‍ കൂടുതല്‍ രോഗികള്‍ സംസ്ഥാനത്തുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കുന്നത്.
വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന കൂടുതല്‍ പ്രവാസികളില്‍ രോഗലക്ഷണം കാണിക്കുന്നുണ്ട്. സലാലയില്‍ നിന്നും കുവൈത്തില്‍ നിന്നുമായി എത്തിയ ആറു പേര്‍ക്ക് കൂടി കോവിഡ് ലക്ഷണം കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രി സലാലയില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലെത്തിയ പാലക്കാട് സ്വദേശികളായ രണ്ട് പേര്‍ക്ക് കോവിഡ് ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ദുബൈ-കൊച്ചി വിമാനത്തില്‍ വന്ന രണ്ട് പേരെയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാക്കി. കുവൈറ്റില്‍ നിന്നും എത്തിയ തിരുവനന്തപുരം സ്വദേശികളായ നാലുപേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള രാജധാനി എക്സ്പ്രസില്‍ വന്ന ഒരാളെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.