Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സര്‍വ്വീസ് ആരംഭിച്ചെങ്കിലും കെഎസ്ആര്‍ടിസിക്ക് 60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. ജില്ലകളില്‍ മാത്രമായാണ് ബുധനാഴ്ചയോടെ കെഎസ്ആര്‍ടിസി ഓടിത്തുടങ്ങിയത്. എന്നാല്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടും കിലോമീറ്ററിന് 25.68 രൂപയുടെ നഷ്ടമാണ് നേരിട്ടത്.

ഇന്ധന ചെലവില്‍ മാത്രം 20 ലക്ഷം രൂപയാണ് നഷ്ടം. അതേസമയം, ലോക്ക് ഡൗണിലുണ്ടായേക്കാവുന്ന നഷ്ടം സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതായിരുന്നെന്നാണ് വിവരം. ഗ്രാമീണ മേഖകളിലടക്കം യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞതാണ് കെഎസ്ആര്‍ടിസിയെ ആദ്യദിവസം തന്നെ നഷ്ടത്തിലാക്കിയത്. പലയിടങ്ങളിലും കാലിയായ അവസ്ഥയിലാണ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്.

1319 ബസുകളാണ് ബുധനാഴ്ച നിരത്തിലിറങ്ങിയത്. 3,532,465 രൂപയാണ് ലഭിച്ച വരുമാനം. ഇന്ധന ചെലവും ഇന്‍ഷുറന്‍സ് തുകയും സാനിറ്റൈസറിന്റെ ചെലവും കണക്കാക്കിയാല്‍ ഒരു കിലോമീറ്റര്‍ ഓടാന്‍ 28.22 രൂപ വേണം. പക്ഷേ, ഒരു കിലോമീറ്ററിന് ലഭിച്ചത് 16.64 രൂപയാണ്. ഒരു കിലോമീറ്ററില്‍ ഏകദേശം ഒമ്പത് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.