ഉത്തര്‍പ്രദേശ്:
അതിഥിത്തൊഴിലാളികളുടെ യാത്രയെച്ചൊല്ലിയുള്ള വിവാദത്തില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച യുപി റായ്ബറേലിയിലെ വിമത കോൺഗ്രസ് എംഎൽഎ അദിതി സിങിനെ പാര്‍ട്ടിയുടെ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി. അച്ചടക്ക നടപപടിയുടെ ഭാഗമായാണ് അദിതി സിങ്ങിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. പാര്‍ട്ടിയുടെ എല്ലാ വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും അദിതി പിന്‍മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ 1000 ബസുകൾ വാഗ്ദാനം ചെയ്ത പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനവും തുടർന്നുള്ള നടപടികളും ‘ക്രൂരമായ തമാശ’ എന്നായിരുന്നു അദിതി വിശേഷിപ്പിച്ചത്. ദുരന്ത സമയത്ത് ഇത്തരത്തിൽ തരംതാഴ്ന്ന രാഷ്ട്രീയം കളിക്കേണ്ട ആവശ്യകത എന്താണെന്നും പ്രിയങ്കയോട് ട്വിറ്ററിലൂടെ അദിതി സിങ് ചോദിച്ചിരുന്നു.
ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധിയെ വിമര്‍ശിക്കുന്നതിനോടൊപ്പം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അതിഥി സിങ് പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കുടിയേറ്റ തൊഴിലാളികളെ തിരിച്ചെത്തിക്കാനായി പ്രിയങ്ക ഗാന്ധി അയക്കാനിരുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും ബസുകളല്ല മറിച്ച് ചെറിയ വാഹനങ്ങളായിരുന്നുവെന്നും അദിതി പരിഹസിച്ചിരുന്നു.