Mon. Dec 23rd, 2024

കൊല്‍ക്കത്ത:

പശ്ചിമബംഗാളിലും ഒഡീഷ തീരത്തും ദുരന്തം വിതച്ച് അംഫാന്‍ ചുഴലിക്കാറ്റ്.  പശ്ചിമബംഗാളിൽ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 72 പേർ മരിച്ചതായി മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. കൊൽക്കത്തയിൽ മാത്രം മരണം 15 ആയി. ശക്തമായ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് വീടുകൾ നശിച്ചു. വീട് തകര്‍ന്നുവീണും,  വീടിന് മുകളിൽ മരം വീണും, തകർന്നുവീണ വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റുമാണ് മരണങ്ങളുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

കൊടുങ്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് മമത പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പശ്ചിമബംഗാൾ സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി സംസ്ഥാനത്തിന് വേണ്ട സഹായധനം നൽകണമെന്നും മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. കൊവിഡിനേക്കാൾ ഭയാനകമായ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും മമതാ ബാനർജി പറഞ്ഞു.

അംഫാന്‍ ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ രാജ്യം ഒഡീഷയിലെയും പശ്ചിമബം​ഗാളിലെയും ദുരിതബാധിതർക്കൊപ്പമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. ഉദ്യോ​ഗസ്ഥർ കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ഉള്ള ശ്രമങ്ങൾ തുടരുന്നതായും പ്രധാനമന്ത്രി  വ്യക്തമാക്കിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam