Wed. Jan 22nd, 2025
തായ്‌വാന്‍:

ചൈനയുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒരു രാജ്യം രണ്ട് സംവിധാനം എന്ന ആശയം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് തായ്‌വാന്‍ പ്രസിഡന്റ്
സായ് ഇംഗ് വെന്‍. ഒന്നിച്ച് നില്‍ക്കാന്‍ ഒരു പോംവഴി കണ്ടെത്താന്‍ ഇരുരാജ്യങ്ങളും ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.

ദീര്‍ഘകാലത്തേക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും വൈരാഗ്യവും ശത്രുതയും ഇല്ലാതാക്കാനും ഒരു പോംവഴി കണ്ടെത്തേണ്ടത് ഇരുരാജ്യങ്ങളുടെയും കടമയാണെന്നും അവര്‍ പറഞ്ഞു.

” ഞാനിവിടെ ആവര്‍ത്തിച്ച് പറയുകയാണ്, സമാധാനം, തുല്യത, ജനാധിപത്യം, സംഭാഷണം എന്നിവയാണ് വേണ്ടത്,” അവര്‍ പറഞ്ഞു. തായ്‌വാനെ തരം താഴ്ത്തുന്നതിന് വേണ്ടി ഒരു രാജ്യം രണ്ട് സംവിധാനം എന്ന ആശയം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സായ് വ്യക്തമാക്കി. പീപ്പിള്‍സ് റിപബ്ലിക് ഓഫ് ചൈനയുടെ ഭാഗമല്ല തായ്‌വാനെന്നും ഔദ്യോഗികമായി റിപബ്ലിക് ഓഫ് ചൈന എന്നത് സ്വതന്ത്ര രാജ്യമാണെന്നും അവര്‍ പറഞ്ഞു.

ഒരു രാജ്യം രണ്ട് സംവിധാനം എന്ന ആശയം പിന്തുടര്‍ന്നു വരുന്ന രാജ്യമാണ് ചൈന. അതേരീതി തന്നെ തായ്‌വാനിലും നടപ്പാക്കാനാണ് ചൈനയുടെ നിര്‍ദ്ദേശം. എന്നാല്‍ ഈ നീക്കത്തിനെതിരെ തായ്‌വാനിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

ചൈനയ്‌ക്കെതിരെ ഇതിന് മുന്‍പും സായ് രംഗത്തുവന്നിട്ടുണ്ട്. സൈനിക ശക്തി ഉപയോഗിച്ച് ചൈന ഭീഷണി ഉയര്‍ത്തുകയാണെന്നും തെറ്റായ പ്രചരണങ്ങളും സൈബര്‍ ആക്രമണങ്ങളും നടത്തുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.