Fri. Mar 29th, 2024
കാഠ്മണ്ഡു:

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സ്വരം കടുപ്പിച്ച്‌ നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും നേപ്പാള്‍ ഭൂപടത്തില്‍ തിരികെ കൊണ്ടുവരുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി പറഞ്ഞു.

അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച്‌ പാര്‍ലമെന്റ് അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് പ്രദേശങ്ങള്‍ക്ക് മേലുള്ള അവകാശം വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രി ഉയര്‍ത്തിയത്.

ചൈനയുടെ ഉത്തരവിനെ തുടര്‍ന്നാകാം നേപ്പാള്‍ ഈ വിഷയം ഉയ‌ര്‍ത്തുന്നതെന്ന ഇന്ത്യന്‍ കരസേനാ മേധാവി മനോജ് നരവാനേയുടെ അഭിപ്രായത്തെയും ലിപുലേക്ക് വഴി മാനസസരോവരിലേക്കുള്ള റോഡ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി ഉദ്ഘാടനം നടത്തിയതിനെയും ഒലി വിമര്‍ശിച്ചു.

പ്രശ്‌നങ്ങള്‍ മൂടിവെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച്‌ പ്രദേശങ്ങളുടെ മേലുള്ള അവകാശം സ്ഥാപിച്ചെടുക്കുമെന്നും ഒവി വ്യക്തമാക്കി.

തര്‍ക്കപ്രദേശങ്ങളായ ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ ഉള്‍പ്പെടുന്ന പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ ഭൂപടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നേപ്പാളിന്റെ ഭരണഘടന ഭേദഗതി ചെയ്യുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി അറിയിച്ചു.

ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ല്‍ അന്നത്തെ നേപ്പാള്‍ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മില്‍ ഒപ്പുവച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശവാദത്തിന് ആദാരം.