വാഷിങ്ടണ്‍:
ലോകാരോഗ്യ സംഘടയുടെ മേധാവിക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടുത്ത 30 ദിവസത്തിനുള്ളിൽ കാര്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നില്ലെങ്കിൽ സംഘടനയ്ക്ക് യുഎസ് നല്‍കുന്ന ധനസഹായം ശാശ്വതമായി പിൻവലിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി.
“കൊവിഡ്19 സംബന്ധിച്ച് നിങ്ങള്‍ ആവര്‍ത്തിച്ച തെറ്റിദ്ധാരണകള്‍ ചെറുതൊന്നുമല്ല. ചൈനയില്‍ നിന്നും സ്വതന്ത്രമാവുക എന്നതാണ് സംഘടനയ്ക്ക് മുന്നോട്ട് പോകാനുള്ള ഏക വഴി, ഇല്ലെങ്കില്‍ സംഘടനയില്‍ നിന്ന് അമേരിക്ക പിന്‍മാറുന്നത് പരിഗണിക്കും”
“ഓർഗനൈസേഷൻ എങ്ങനെ പരിഷ്കരിക്കാമെന്നതിനെക്കുറിച്ച് എന്റെ അഡ്മിനിസ്ട്രേഷൻ ഇതിനകം നിങ്ങളുമായി ചർച്ചകൾ ആരംഭിച്ചതാണ്. എന്നാൽ നടപടികള്‍ വേഗത്തില്‍ വേണം. ഞങ്ങൾക്ക് പാഴാക്കാൻ സമയമില്ല”, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് ട്രംപ് അയച്ച കത്തില്‍ പറയുന്നു.
കൊവിഡിന്‍റെ തുടക്കം മുതല്‍ ലോകാരോഗ്യ സംഘടന വരുത്തിയ പിഴവുകള്‍ നിരത്തിയായിരുന്നു ട്രംപിന്‍റെ കത്ത്. ചൈനയോടുള്ള സംഘടനയുടെ നിലപാട് വിശദീകരിച്ച കത്തില്‍, വൈറസ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ തന്നെ ലഭിച്ച ചില മുന്നറിയിപ്പുകള്‍ ചൈനയ്ക്ക് അനുകൂലമായി, സംഘടന കണ്ടില്ലെന്നു നടിച്ചതായും ട്രംപ് ആരോപിക്കുന്നു.
അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റാനാകാത്ത ഒരു സംഘടനയ്ക്കു വേണ്ടി ധനസഹായം ഉറപ്പുവരുത്താനാവില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം സംഘടനയ്ക്കുള്ള ധനസഹായം ട്രംപ് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ഓരോ വർഷവും ലോകാരോഗ്യ സംഘടനയ്ക്ക് യുഎസ് 400 മില്യൺ മുതൽ 500 മില്യൺ ഡോളർ വരെ ധനസഹായം നൽകുന്നുണ്ട്. അതെ സമയം, 40 മില്യണ്‍ ഡോളറാണ് ചൈനയുടെ സംഭാവന.