Fri. Nov 22nd, 2024
ന്യൂ ഡല്‍ഹി:

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് ട്രെയിനുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമാണെന്ന നിര്‍ദേശം കേന്ദ്ര മാര്‍ഗരേഖയില്‍ നിന്ന് നീക്കി. ഇതോടെ, സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ തന്നെ കേന്ദ്രത്തിന് ശ്രമിക് ട്രെയിനുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം. ടിക്കറ്റ് ബുക്കിംഗ്, ട്രെയിനിന്റെ സമയക്രമം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ റെയില്‍വേ തീരുമാനിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

സംസ്ഥാനങ്ങളുടെ ആവശ്യ പ്രകാരം ട്രെയിനിന്റെ സ്റ്റോപ്പ്, എത്തിച്ചേരേണ്ട സ്ഥലം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനം റെയില്‍വേയാണ് കൈക്കൊള്ളുക. തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അതത് സംസ്ഥാനങ്ങളെ ഇക്കാര്യങ്ങള്‍ റെയില്‍വേ അറിയിക്കും.

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തണമെന്നും പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക പരിഗണന നല്‍കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയില്‍വേ മന്ത്രാലയമാണ് പ്രത്യേക തീവണ്ടികള്‍ അനുവദിക്കുക.

യാത്രക്കായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണം, കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കാനും സ്വീകരിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം തുടങ്ങി ഏഴ് നിര്‍ദേശങ്ങളാണ് മാര്‍ഗരേഖയിലുള്ളത്.

രോഗ ലക്ഷണില്ലാത്തവര്‍ക്ക് മാത്രമേ യാത്ര അനുവദിക്കാവൂ. എല്ലാ യാത്രക്കാരേയും പരിശോധിച്ചിട്ടുണ്ടെന്ന് അതത് സംസ്ഥാനങ്ങളും റെയില്‍വേയും ഉറപ്പുവരുത്തണം. റെയില്‍വേ സ്റ്റേഷനിലും യാത്രയിലും യാത്രക്കാര്‍ സാമൂഹിക അകലം പാലിക്കണം.