Wed. Dec 18th, 2024
തിരുവനന്തപുരം:

കൊവിഡ് കാലത്ത് 3 വയസ് മുതല്‍ 6 വയസുവരെയുള്ള കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെളളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ കമ്മ്യൂണിറ്റി സയന്‍സ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ‘തേനമൃത്’ ന്യൂട്രി ബാറുകളുടെ വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയും കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു.

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് എന്ന ന്യുട്രി ബാറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്.

കേരളത്തിലെ 14 ജില്ലകളില്‍ വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതമുള്ള 115000ല്‍ പരം ന്യൂട്രി ബാറുകളാണ് വിതരണത്തിനായി തയ്യാറാക്കുന്നത്. കുട്ടികളിലെ അടിസ്ഥാന പോഷകാഹാര പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും പകര്‍ച്ച വ്യാധികളെ നേരിടുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ പോഷക ബാറുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

മാതൃ മരണ നിരക്കും ശിശു മരണ നിരക്കും വളരെ കുറവാണ് കേരളത്തില്‍. ഇനിയും നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ശിശു മരണ നിരക്ക് കുറയുമെന്ന് പറയുമ്പോഴും കുട്ടികളില്‍ പോഷകാഹാര കുറവ് കാണാറുണ്ട്. അവരെ കൂടി മുന്നില്‍ കണ്ടാണ് വനിത ശിശുവികസന വകുപ്പ് പല പദ്ധതികളും ആവിഷ്‌ക്കരിച്ചിരിക്കുന്നത്. എത്രയൊക്കെ ശ്രമിച്ചിട്ടും ചില കുട്ടികളില്‍ പോഷണക്കുറവ് കാണുന്നുണ്ട് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കിയ കൃഷി വകുപ്പിന് നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി. അതേസമയം, വളരെ ക്രിയാത്മകമായ ഇടപെടലുകളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.