അബുദാബി:
കൊവിഡ് മഹാമാരിക്കെതിരെ രാപകലില്ലാതെ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. സ്വന്തം നാടും വീടും മറന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ മലയാളികളായ ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. പ്രവാസികള്‍ നാട്ടിലേക്ക് സുരക്ഷിതരായി എത്താന്‍ തിരക്ക് കൂട്ടുമ്പോള്‍ നഴ്സുമാരും ഡോക്ടര്‍മാരും അടങ്ങുന്ന കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം ഗള്‍ഫ് രാജ്യങ്ങളിലേക്ക് രോഗികളെ പരിചരിക്കാന്‍ പുറപ്പെടുകയാണ്.
സൗദിയും, യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മികച്ച കരുതലാണ് ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ മലയാളി ആരോഗ്യ പ്രവര്‍ത്തകനെ അബുദാബി കിരീടാവകാശി അഭിനന്ദിക്കുന്ന വീഡിയോ.
കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകനായ അരുണിനെയാണ് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിനന്ദിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം സുഖമായിരിക്കുന്നുണ്ടോയെന്ന് അദ്ദേഹം പ്രത്യേകമായി എടുത്ത് ചോദിക്കുന്നുണ്ട്. മികച്ച പിന്തുണയാണ് യുഎഇയില്‍ നിന്നും തനിക്ക് ലഭിച്ചതെന്നും യുഎഇ തന്റെ രണ്ടാമത്തെ വീടാണെന്നും അരുണ്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനോട് പറയുന്നുണ്ട്.
ലോകം മുഴുവന്‍ കൊവിഡ് മഹാമാരിയില്‍ വിറങ്ങലിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാഗമായി രോഗികളെ പരിചരിക്കാന്‍ അവസരം ലഭിച്ചതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും അരുണ്‍ പറയുന്നു.
രോഗികള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായാണ് താന്‍ പ്രവര്‍ത്തിച്ചത്. കൊവിഡ് രോഗികള്‍ ചികിത്സയ്ക്കായി എത്തുമ്പോള്‍ അവര്‍ ഒരുപാട് മാനസിക പിരിമുറുക്കങ്ങള്‍ അനുഭവിച്ചിരുന്നു. ലോകത്താകമാനം മരണസംഖ്യ ഉയരുമ്പോള്‍ അവര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍, ശാരീരിക പരിചരണം മാത്രമല്ല മാനസികമായും രോഗികള്‍ക്ക് നമ്മള്‍ കരുത്ത് നല്‍കിയിരുന്നു. ഇങ്ങനെ നിരന്തരം രോഗികളെ ഈ രീതിയില്‍ സമീപിച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ വെളിച്ചം കണ്ടുവെന്നും, ഇങ്ങനെ രോഗികള്‍ ആശുപത്രി വിട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന സന്തോഷമാണ് ഏറ്റവും വലിയ അംഗീകാരമെന്നും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ പറയുന്നു.
യുഎഇ ആരോഗ്യ സംവിധാനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഈ മോശം സാഹചര്യത്തെ മറികടക്കാന്‍ സാധിക്കുമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അരുൺ യുഎഇ ഭരണാധികാരിയോട് പറഞ്ഞു. യുഎഇ നല്‍കിയ കരുതലിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ അരുണിനോട് നിങ്ങളുടെ സേവനത്തെ അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
https://www.facebook.com/kabeer.chalil.9/videos/3237358882982646/