Fri. Nov 22nd, 2024
ലക്നൗ:

ഉത്തർപ്രദേശിൽ 26 അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ട അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചാബിലെയും രാജസ്ഥാനിലെയും കോൺഗ്രസ് സർക്കാറുകൾക്കെന്ന് മുഖ്യമന്ത്രി ആദിത്യനാഥ്. ശനിയാഴ്ച പുലർച്ചെയാണ് ഔരയ്യയിൽ നാരങ്ങാ ചാക്കുകളും 43 പേരുമായി പോയ ട്രെയ്‌ലർ ട്രക്ക്, സ്‌റ്റേഷനറി വസ്തുക്കളെയും അതിഥി തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള മറ്റൊരു ട്രക്കിനു പിന്നിലിടിച്ച് ദുരന്തമുണ്ടായത്.

24 പേർ തൽക്ഷണം കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേർ പിന്നീട് മരിക്കുകയായിരുന്നു. അപകടത്തിൽ പെട്ട ട്രക്കുകളിലൊന്ന് രാജസ്ഥാനിൽ നിന്നും മറ്റൊന്ന് പഞ്ചാബിൽ നിന്നും വന്നവയാണെന്നും അതിനാൽ അപകടത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസ് സർക്കാറുകൾക്കാണെന്നുമുള്ള വിചിത്ര ന്യായമാണ് ആദിത്യനാഥ് ഉയർത്തിയത്.

അതിഥി തൊഴിലാളികളെ കളിയാക്കുകയാണ് കോൺഗ്രസെന്നും ആദിത്യനാഥ് ആരോപിച്ചു. അപടകത്തെ തുടർന്ന്, ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതിന് ഒരു സബ് ഇൻസ്‌പെക്ടറടക്കം ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ ഔരയ്യ പൊലീസ് സൂപ്രണ്ട് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഫത്തേപൂർ സിക്രി, ഗാസിയാബാദ് ഇന്ദിരപുരം സ്റ്റേഷനുകളിലെ എസ്ഐമാരെ സസ്‌പെന്റ് ചെയ്യാൻ ശനിയാഴ്ച ആദിത്യനാഥ് നിർദേശം നൽകിയിരുന്നു.