റോം:
കൊവിഡ് 19 വലിയ ആഘാതം തീർത്ത ഇറ്റലി യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ തയ്യാറെടുക്കുന്നു. സമ്പദ് വ്യവസ്ഥ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിന്റെ ആദ്യ ഭാഗമായാണ് രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന യാത്ര നിയന്ത്രണങ്ങൾ നീക്കാൻ ഇറ്റലി തയ്യാറെടുക്കുന്നത്. ഇറ്റാലിയൻ പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കിയ ഉത്തരവിലാണ് യാത്ര നിയന്ത്രണങ്ങൾ ഉൾപ്പെടെ ഘട്ടം ഘട്ടമായി നീക്കാനുള്ള തീരുമാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
ഇറ്റലിയിലെ തന്നെ ചില മേഖലകൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വലിയ ഇളവ് ഉടൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയന്ത്രണങ്ങളെല്ലാം പെട്ടെന്ന് നീക്കാൻ സാധിക്കില്ല എന്നാണ് സര്‍ക്കാര്‍ തീരുമാനം. മെയ് 18 മുതൽ സാമൂഹിക അകലം പാലിച്ചുകൊണ്ട് കടകളും റെസ്റ്റോറന്റുകളും തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.
പള്ളികളിലെ പ്രാർത്ഥനകളും മെയ് 18 മുതൽ പുനരാരംഭിക്കാനാണ് തീരുമാനം. പള്ളികളിൽ പ്രാർത്ഥനകളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തും. ഇതിനു പുറമെ എല്ലാവരും മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ജൂൺ മൂന്നോട് കൂടി എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കാനാണ് ഇറ്റലി പദ്ധതിയിടുന്നത്.