Sun. Jan 19th, 2025
ജെറുസലേം:

ഇസ്രയേലില്‍ വിസാ കാലാവധി തീര്‍ന്ന 82 മലയാളി നഴ്‌സുമാര്‍ ദുരിതത്തില്‍. ഇവരില്‍ നാല് പേര്‍ ഗര്‍ഭിണികളാണ്. നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു.

‘അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയാണ് ഞാന്‍. കഴിഞ്ഞ രണ്ട് മാസമായി എനിക്ക് ജോലിയില്ല. രണ്ടര മാസത്തോളമായി മുറിയില്‍ ഇരിക്കുകയാണ്. എനിക്ക് മെഡിക്കല്‍ ചെക്കപ്പിന് ഇന്‍ഷൂറന്‍സ് ഒന്നും ഇല്ല. ഇന്‍ഷൂറന്‍സിനായി ഞാന്‍ ഏജന്‍സിയില്‍ ചെന്നപ്പോള്‍ പറഞ്ഞത് റിസൈന്‍ ചെയ്ത് പോകുന്നത് കൊണ്ട് ഇന്‍ഷൂറന്‍സ് തരാന്‍ പറ്റില്ലെന്നാണ്’, ഇസ്രയേലില്‍ നഴ്‌സായ ലീന ദേവസിക്കുട്ടി പറഞ്ഞു.

‘എന്നെപ്പോലെ തന്നെ വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ജോലി രാജി വെച്ച് റൂമിലിരിക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ക്കൊന്നും താമസ സൗകര്യമോ ഭക്ഷണമോ ലഭിക്കാത്ത സാഹചര്യമാണ്. ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും വിമാനസര്‍വീസ് ഒരുക്കിത്തരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്’- ലീന കൂട്ടിച്ചേര്‍ത്തു.

ഇവരില്‍ ചിലര്‍ നാട്ടിലേക്ക് വരാന്‍ നേരത്തെ തന്നെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ലോക്ക് ഡൗണ്‍ കാരണം ക്യാന്‍സല്‍ ചെയ്യേണ്ടി വന്നതായിരുന്നു. സംസ്ഥാന സര്‍ക്കാരിനേയും കേന്ദ്രസര്‍ക്കാരിനേയും തങ്ങളുടെ അവസ്ഥ അറിയിച്ചിരുന്നെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ലെന്നതാണ് ഇവരുടെ ആശങ്ക.