Thu. Jan 23rd, 2025
ന്യൂ ഡല്‍ഹി:

മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി അല്ല കേന്ദ്രത്തിലെന്നും സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ് പിണറായി വിജയനെന്നും വി മുരളീധരന്‍ പറഞ്ഞു.

1,35000 മുറി തയ്യാറാക്കിയെന്നും കൂടുതല്‍ മുറികള്‍ വേണമെങ്കില്‍ തയ്യാറാക്കുമെന്നും സംസ്ഥാനം പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 14 ദിവസത്തെ ക്വാറന്റൈന്‍ ഏഴ് ദിവസമായി സംസ്ഥാനം വെട്ടിക്കുറച്ചു. കേരളത്തിന്റെ തയ്യാറെടുപ്പുകള്‍ വേണ്ടത്ര ഇല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും വി മുരളീധരന്‍ പറഞ്ഞു.

കേരളത്തിലെ ക്വാറന്റൈന്‍ സംവിധാനത്തിന്റെ അപര്യാപ്തത വ്യക്തമാണ്. സര്‍ക്കാര്‍ കേന്ദ്ര മാനദണ്ഡം പാലിച്ച് ക്വാറന്റൈന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കൂടുതല്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

‘മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മാത്രം കത്തെഴുതുന്ന ആളാണ്. ഉദ്യോഗസ്ഥ ചര്‍ച്ചകളെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്ന് തോന്നുന്നു. എന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ അറിയില്ലെന്ന് അദ്ദേഹം കരുതുന്നതിന് പകരം അദ്ദേഹം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥര്‍ എന്തൊക്കെ കാര്യങ്ങളാണ് കേന്ദ്രവുമായി കൈമാറുന്നത് എന്ന് അന്വേഷിച്ച് അറിയുകയാണ്.

ഈ അവസരത്തില്‍ രാഷ്ട്രീയം കളിക്കരുത് എന്ന് തന്നെയാണ് പറയാനുള്ളത്. മുഖ്യമന്ത്രി മലര്‍ന്നുകിടന്നു തുപ്പരുത്. കേരള സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളുടെ കാര്യത്തിലാണ് പോരായ്മ ഉള്ളത്. അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ വാളയാറില്‍ തടഞ്ഞത് സൗകര്യം ഇല്ലാഞ്ഞിട്ടാണ്. തയ്യാറാണെന്ന് പറഞ്ഞ ശേഷം വാളയാറില്‍ ആളുകളെ തടഞ്ഞ പോലെ എയര്‍പോര്‍ട്ടില്‍ തടയരുത്’, വി മുരളീധരന്‍ പറഞ്ഞു.