Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

രാജ്യത്ത് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ 14 ദിവസത്തെ നിരീക്ഷണം നിര്‍ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍. ഏഴ് ദിവസത്തെ നിരീക്ഷണം മതിയെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.

ഇത് സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം സമര്‍പ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം വിദഗ്ദ സമിതിയാണ് പരിഗണിച്ചത്. എന്നാല്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രവാസികള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ തുടരണമെന്ന് കേന്ദ്രം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവാസികളെ സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുദിവസം മാത്രം നിരക്ഷിക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ദിവസത്തിന്‍റെ കാര്യത്തിലെ ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കണമെന്നും നിലവില്‍ എത്തിയവരുടെ 7 ദിവസത്തെ നിരീക്ഷണം കഴിയും മുമ്പെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.