Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ദേശീയ ലോക്ക് ഡൗണിൻ്റെ മൂന്നാം ഘട്ടം അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ നാലാം ഘട്ട ലോക്ക് ഡൗണിൽ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നൽകേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സ‍ർക്കാരുകളുടെ നി‍ർദേശങ്ങൾ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിക്കുക. ലോക്ക് ഡൗൺ മൂലം നി‍ർജീവമായ രാജ്യത്തെ ഭാ​ഗീകമായെങ്കിലും സാധാരണനിലയിലേക്ക് മടക്കി കൊണ്ടു വരുന്ന തരത്തിലാവും നാലാം ഘട്ട ലോക്ക് ഡൗൺ നടപ്പാക്കുക എന്നാണ് സൂചന.

പൂ‍ർണമായും നിർത്തിവച്ച വിമാനസ‍ർവ്വീസുകളുടെ നാലിൽ ഒന്നെങ്കിലും പുനരാരംഭിക്കും. ഇക്കാര്യത്തിൽ ഇന്നോ നാളെയോ കേന്ദ്രസ‍ർക്കാ‍ർ അന്തിമതീരുമാനമെടുക്കും.യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാകും. ഓൺലൈൻ വ്യാപാരത്തിന് ഏ‍ർപ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിൻവലിക്കും. മെട്രോ, ബസ് സർവീസുകളുടെ കാര്യത്തിലും ഇളവുകൾ ഉണ്ടായേക്കും.

അതെ സമയം, ഹോട്ട് സ്പോട്ടുകൾ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സ‍ർക്കാരുകൾക്ക് കേന്ദ്രം നൽകിയേക്കും.  മൂന്നാംഘട്ട ലോക്ഡൗൺ ഞായറാഴ്ച അവസാനിക്കുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻറെ അധ്യക്ഷതയില്‍ ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും.