Fri. Apr 19th, 2024
ഇടുക്കി:

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച കരുണാപുരം സ്വദേശി ആയിരത്തിലധികം പേരുമായി സമ്പര്‍ക്കത്തിലേർപ്പെട്ടുവെന്ന് പ്രാഥമിക വിവരം. പുറ്റടിയിൽ ബേക്കറി നടത്തുന്ന ഇയാൾക്ക് രോഗ ബാധയുണ്ടാകാനുള്ള കാരണം വ്യക്തമാകാത്തത് ആശങ്കയാവുകയാണ്. മൂന്ന് ദിവസം മുമ്പ് റാൻഡം പരിശോധനയുടെ ഭാഗമായാണ് ഇയാളിൽ നിന്ന് സ്രവം ശേഖരിച്ചത്. 

ഇന്നലെ ഉച്ചയോടെയാണ് പരിശോധനാഫലം വന്നത്.  വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കരുണാപുരം പഞ്ചായത്തിൽ നേരത്തെ ഒരു കൊവിഡ് കേസ് ഉണ്ടായിരുന്നുവെങ്കിലും ആ രോഗിയുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായിട്ടില്ല. കമ്പംമേട്ട് വഴി തമിഴ്നാട്ടിൽ നിന്ന് വന്ന ചരക്ക് ലോറി ഡ്രൈവർമാർക്ക് ഇയാൾ ബേക്കറിയിൽ നിന്ന് സാധനങ്ങൾ നൽകിയിരുന്നു. ഇവരിൽ നിന്നാകാം രോഗം ബാധിച്ചതെന്നാണ് സംശയം.

ചെക്ക് പോസ്റ്റുകളിലെ പരിശോധന സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവം ചൂണ്ടിക്കാട്ടുന്നത്. തമിഴ്നാട്ടിൽ നിന്ന് ഒരു പരിശോധനയും കൂടാതെയാണ് ഡ്രൈവർമാരെത്തുന്നതെന്ന് നേരെത്തെ തന്നെ ആരോപണം ഉയർന്നിരുന്നു.