Sun. Dec 22nd, 2024
ന്യൂ ഡല്‍ഹി:

 
രാജ്യ​ത്ത്​ കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്​മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്ക് മൂന്നു വര്‍ഷത്തെ സൈനിക സേവനം അനുവദിക്കണമെന്ന് കരസേനയുടെ ശുപാര്‍ശ. യുവാക്കള്‍ക്ക്​ ഹ്രസ്വകാല സര്‍വീസിന് അവസരമൊരുക്കുന്നതിലൂടെ സൈന്യത്തിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കുമെന്നും കരസേന വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

സൈനിക സേവനം തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ വളണ്ടിയറായി സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും വേണ്ടി ‘ടൂര്‍ ഓഫ് ഡ്യൂട്ടി’ എന്ന പേരിലാണ് കരസേന ഈ ആശയം മുന്നോട്ട് വയ്ക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 100 ​​ഉദ്യോഗസ്ഥരെയും 1,000 സൈനികരെയും നിയമനത്തിനായി പരിഗണിക്കുമെന്നും, നിലവിലുള്ള തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും  സൈനിക വക്താവ്​ അറിയിച്ചു. പരീക്ഷണമെന്ന നിലയില്‍ തിരഞ്ഞെടുത്ത ചില ഒഴിവുകളിലേക്ക് മാത്രം ഇത്തരത്തില്‍ നിയമനം നടത്തി, വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ വിപുലമാക്കാനാണ് തീരുമാനം.