Sun. Jan 19th, 2025
കാസര്‍ഗോഡ് :

കാസര്‍ഗോഡ് ജില്ലയില്‍ മൂന്നാംഘട്ട കോവിഡ് നിയന്ത്രണത്തിന് വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.കോറോണ കണ്‍ട്രോള്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തലപ്പാടി വഴി വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി. പാസ് അനുവദിക്കുന്നതില്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗമുള്ളവര്‍, പ്രായമുള്ളവര്‍,സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. പാസ് അനുവദിക്കുന്നതില്‍ മുന്‍ഗണനാ ക്രമം ഉറപ്പുവരുത്താന്‍ എഡിഎം,സബ്കളക്ടര്‍ എന്നിവരെ ചുമതലപ്പെടുത്തി.

പാസില്ലാതെ അതിര്‍ത്തി കടന്നു വരുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈയിനിലേക്ക് മാറ്റും. കൂടാതെ ഇവര്‍ക്കെതിരെ എപ്പിഡെമിക്ക് ഡിസീസ് ഓര്‍ഡിനെന്‍സ് പ്രകാരം നിയമ നടപടിയും സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി വാര്‍ഡ്തല ജാഗ്രതാ സമിതികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദേശത്തു നിന്ന് വരുന്നവര്‍ ഏഴു ദിവസം നിര്‍ബന്ധമായും ജില്ലാഭരണകൂടത്തിന്റെ സ്ഥാപന ക്വാറന്റൈയിനില്‍ കഴിയണം. തുടര്‍ന്ന് ഇവരുടെ സ്രവ പരിശോധന നടത്തും. ഫലം പോസറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കില്‍ വീട്ടിലെ റൂം ക്വാറന്റൈയിനിലേക്കും മാറാം.

കോവിഡ് കെയര്‍ സെന്ററുകളായി നിശ്ചയിച്ച ഹൈസ്‌കൂളുകളില്‍ പരീക്ഷ നടത്താന്‍ ബാക്കിയുള്ളതിനാല്‍ ഈ പട്ടികയില്‍പ്പെട്ട ലോഡ്ജുകളിലായിരിക്കും ക്വാറന്റൈയിനുള്ളവരെ പാര്‍പ്പിക്കുക.