Wed. Jan 22nd, 2025
കൊച്ചി:

ദമാമിൽ നിന്ന് കൊച്ചിയിൽ എത്തിയ വിമാനത്തിൽ രണ്ടു പേര്‍ക്ക് കൊവിഡ് രോഗ ലക്ഷണം. ഇവരെ കളമശേരി മെഡിക്കൽ കോളേജിലെ  ഐസൊലേഷൻ വാര്‍ഡിലേക്ക് മാറ്റി. 6 കുട്ടികൾ അടക്കം 174 പേരാണ് ഇന്നലെ രാത്രി ദമാമിൽ നിന്നും കൊച്ചിയിൽ എത്തിയത്. ഇതുകൂടാതെ സിംഗപ്പൂരിൽ നിന്ന് ബാംഗ്ലൂർ വഴി ഇന്നലെ കൊച്ചിയിലെത്തിയ വിമാനത്തില്‍ 138 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രണ്ട് ദിവസം മുൻപ് റദ്ദാക്കിയ ഖത്തര്‍ വിമാനം ഇന്നലെ രാത്രി തിരുവനന്തപുരത്ത് ഇറങ്ങി. 181 യാത്രക്കാരുമായാണ് ദോഹയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തു എത്തിയത്. കേരളത്തിലെ 12 ജില്ലകളിൽ നിന്നുള്ളവര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അതെസമയം, ശനിയാഴ്ച തുടങ്ങുന്ന ‘വന്ദേ ഭാരത്’ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 31 രാജ്യങ്ങളിൽനിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലേക്കായി 149 വിമാന സർവീസുകളാണുണ്ടാവുക. കേരളത്തിലേക്ക് 31 സര്‍വ്വീസുകളാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് 43 ആയി വർധിപ്പിക്കുമെന്നാണ് വ്യോമയാനമന്ത്രാലയം നൽകുന്ന സൂചന.