തിരുവനന്തപുരം:
വന്ദേ ഭാരതിന്റെ രണ്ടാംഘട്ടത്തില്‍ കേരളത്തിലേക്ക് 39 സര്‍വീസുകളാണ് ചാര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“വിമാനങ്ങളുടെ ലഭ്യതയില്‍ കുറവില്ല, സംസ്ഥാന സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യങ്ങളും ആളുകളെ സ്വീകരിക്കുന്നതിനുളള തയ്യാറെടുപ്പും സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഇടയില്‍ നടന്നിട്ടുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ 45 വിമാനങ്ങള്‍ വരെ കൊണ്ടുവരാമെന്ന് ധാരണയായിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ അതില്‍ക്കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ അനുവദിക്കുകയാണെങ്കില്‍ അതില്‍ കൂടുതല്‍ ആളുകളെ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്,” വി മുരളീധരന്‍ പറഞ്ഞു.
അതേസമയം വന്ദേഭാരതിന്റെ രണ്ടാംഘട്ടത്തില്‍ ലോകത്തിലെ 31 രാജ്യങ്ങളില്‍ നിന്നായി 145 ഫ്ളൈറ്റുകളില്‍ ആളുകളെ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിദേശകാര്യമന്ത്രാലയവും എയര്‍ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ളതെന്നും വി മുരളീധരന്‍ വ്യക്തമാക്കി.