Wed. Jan 22nd, 2025
മാനന്തവാടി:

ഗ്രീൻ സോണിൽ ഉൾപ്പെട്ടിരുന്ന വയനാട്ടിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയ സാഹചര്യത്തിൽ ഇവിടെ റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സംവിധാനം തുടങ്ങുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉളളവരെ മറ്റുള്ളവരില്‍ നിന്നും മാറ്റി പാര്‍പ്പിച്ച് കൊണ്ട് വയോജനങ്ങളില്‍ കൊവിഡ് 19 ബാധിക്കുന്നത് തടയുന്നതിനായാണ് റിവേഴ്‌സ് ക്വാറന്റൈന്‍ സജ്ജമാക്കുന്നത്.

സംസ്ഥാനത്ത് ഇന്നലെ ഏഴ് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ വയനാട്ടിൽ നിന്നാണ് ഒരു കേസ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം എട്ടായി. ഏപ്രില്‍മാസം തമിഴ്‌നാട്ടിലെ കോയമ്പേട് മാർക്കറ്റില്‍ ചരക്കെടുക്കാന്‍ പോയ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറില്‍നിന്ന് ഇതുവരെ ആറ് പേരിലേക്കാണ് രോഗം പടർന്നത്. ഇതില്‍ ഇയാളുടെ 11 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും 84 വയസുളള അമ്മയും ഉൾപ്പെടും.