ന്യൂ ഡല്‍ഹി:
മാർച്ച് 24ന് സമ്പൂർണ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചതിന് ശേഷം രാജ്യത്ത് ഇന്ന് മുതൽ പാസഞ്ചർ ട്രെയിനുകൾ ഓടി തുടങ്ങും. ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ പുറപ്പെടും. ബുധൻ, ഞായർ ദിവസങ്ങളിലാണ് കേരളത്തിലേക്കും കേരളത്തിൽ നിന്ന് തിരിച്ചും ട്രെയിൻ സർവീസുകൾ ഉണ്ടാവുക. ഇന്നലെ വൈകിട്ട് നാല് മണിക്ക് ഐആർസിടിസി വെബ്സൈറ്റ് മുഖാന്തരം ബുക്കിങ് ആരംഭിച്ചതിന് ശേഷം മിനിറ്റുകൾക്കുള്ളിലാണ് ഈ സർവീസുകളുടെ ടിക്കറ്റുകൾ വിറ്റ് തീർന്നത്.
ഡൽഹി, മുംബൈ, തിരുവനന്തപുരം, ചെന്നൈ, ബെംഗളുരു ഉള്‍പ്പടെ 15 നഗരങ്ങൾ ബന്ധിപ്പിക്കുന്ന ട്രെയിൻ സര്‍വീസുകളാണ് ഇന്ന് മുതൽ ആരംഭിക്കുന്നത്. ട്രെയിനിനുള്ളിൽ യാത്രക്കാർ മാസ്ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം തുടങ്ങിയവയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍. തിരുവനന്തപുരത്തിന് പുറമെ കേരളത്തില്‍ കോഴിക്കോടും എറണാകുളത്തുമാണ് സ്റ്റോപ്പുകൾ ഉണ്ടാവുക.