അര്‍ജന്റീന:
ലോകം മുഴുവന്‍ ഇപ്പോള്‍ കൊവിഡ് പോരാട്ടത്തിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സര്‍ക്കാരിനെ കരകയറ്റാന്‍ നിരവധി പേരാണ് തങ്ങളാലാകുന്ന ചെറുതും വലുതുമായ സഹായങ്ങള്‍ നല്‍കുന്നത്. നിരവധി സിനിമാ സാമൂഹിക പ്രവര്‍ത്തകരും, കായിക താരങ്ങളും ഉള്‍പ്പെടെ വന്‍ തുക തന്നെ സര്‍ക്കാരിന് നല്‍കി വരുന്നുണ്ട്. ഇപ്പോഴിതാ ലോകമെമ്പാടും ആരാധകരുള്ള അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സി വീണ്ടും ഹായവുമായി എത്തിയിരിക്കുകയാണ്. അർജന്റീനയിലെ ആശുപത്രികൾക്ക് അര മില്ല്യൺ യൂറോയാണ് ധനസഹായം നല്‍കിയത്.
മെസ്സിയുടെ കാസ ഗറഹാൻ ഫൗണ്ടേഷൻ വഴിയാണ് 540,000 യൂറോ സൂപ്പര്‍ താരം സംഭാവന നൽകിയത്. ബ്യൂണസ് അയേഴ്സിലെ ആശുപത്രികളിലേക്കുള്ള കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഈ തുക കെെമാറാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഏപ്രിലിൽ, മെസ്സിയും ബാഴ്‌സലോണയിലെ ടീമംഗങ്ങളും അവരുടെ ശമ്പളം 70 ശതമാനം കുറച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരുന്നു ഈ തീരുമാനം. ബാഴ്സലോണയിലെ ഹോസ്പിറ്റൽ ക്ലിനിക്ക് എന്ന ആശുപത്രിക്ക് ഒരു മില്ല്യൺ യൂറോ മെസ്സി നേരത്തെ തന്നെ സംഭാവന ചെയ്തിരുന്നു.