Wed. Nov 6th, 2024
കോഴിക്കോട്:

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് ഈ ഘട്ടത്തില്‍ അനുവദിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സാമൂഹിക അകലം പാലിച്ച് ഒരു കാരണവശാലും സര്‍വീസ് നടത്താനാകില്ല. സ്വന്തമായി വാഹനമില്ലാത്തവര്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടും വരെ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.

ട്രെയിന്‍ സര്‍വീസുകള്‍ കൂടുതല്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചോ പത്തോ ബസ് അയച്ചാല്‍ തീരുന്ന കാര്യമല്ല ഇത്. അങ്ങനെയാണെങ്കില്‍ ബുദ്ധിമുട്ടില്ലായിരുന്നു. നമുക്കയക്കാവുന്നതേയുള്ളൂ. എന്നാല്‍ വളരെ പഴുതടച്ചുള്ള സംവിധാനത്തിന്റെ ഭാഗമായി മാത്രം വരുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ കാലതാമസവും മുന്‍ഗയിലുള്ള പ്രാധാന്യവും കരുതുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തത്.അങ്ങനെ വേണ്ടി വന്നാല്‍ നമുക്ക് അത് അയക്കുന്നതില്‍ ഒരു പ്രയാസവുമില്ല- എകെ ശശീന്ദ്രന്‍ പറഞ്ഞു.

അതിനിടെ മറ്റുസംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ കേരളത്തില്‍ മടക്കിയെത്തിക്കുന്നതിനുള്ള പദ്ധതിക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആദ്യ ബസ് ഇരുപത്തിയഞ്ച് മലയാളി യാത്രക്കാരുമായി ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു.

കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് മലയാളികളെ നാട്ടിലെത്തിക്കാനുമുള്ള ബസ് സൗകര്യം ഒരുക്കിയത്. സാമൂഹിക അകലം പാലിച്ചാണ് ബസില്‍ യാത്രക്കാരെ പ്രവേശിപ്പിച്ചത്. രണ്ട് സംസ്ഥാനങ്ങളുടെയും പാസുകള്‍ ഉളളവര്‍ക്കാണ് യാത്ര ചെയ്യാന്‍ അനുമതി.