Sun. May 5th, 2024
കണ്ണൂ‍ർ:

കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുമായി കണ്ണൂരിൽ ആദ്യ വിമാനം ഇന്നിറങ്ങും. ദുബായിൽ നിന്നും വരുന്ന 180 പേരിൽ അഞ്ചു ജില്ലകളിൽ നിന്നുള്ളവരുണ്ട്. ഇവരുടെ പരിശോധനയ്ക്കടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു.

സമൂഹിക അകലം പാലിച്ച് 20 പേർ വീതമുള്ള സംഘമായാണ് വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കുക. തുടർന്ന് റാപ്പിഡ് ടെസ്റ്റ് നടത്തും. ഇതിനായി അഞ്ച് മെഡിക്കൽ ഡെസ്ക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക വഴിയിലൂടെ ആംബുലൻസിൽ ആശുപത്രികളിലേക്ക് മാറ്റും. വിവരശേഖരണത്തിനും ക്വാറന്‍റീൻ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി പത്ത് ഹെൽപ്പ് ഡെസ്ക്കുകളും ക്രമീകരിച്ചിട്ടുണ്ട്.

വൈകിട്ട് 7.10നാണ് ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ്ങ് 737 വിമാനം കണ്ണൂരിലെത്തുന്നത്. ഇവരെ കൊണ്ടുവരാനായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പത്തരക്ക് വിമാനം പുറപ്പെട്ടു.